You Are Here: Home » മറ്റു ഗാഡ്ജറ്റുകള്‍ » സ്വീകരണമുറിയെ മാറ്റിമറിക്കാൻ ഗൂഗിൾ ടിവി

സ്വീകരണമുറിയെ മാറ്റിമറിക്കാൻ ഗൂഗിൾ ടിവി

വെറും 5 വർഷം മുൻപ് വരെ നമുക്ക് ഇന്റർനെറ്റ് നമുക്ക് ഒരു അത്യാവശ്യ വസ്തു ആയിരുന്നില്ല. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ പോലും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ നാം ഇന്റർനെറ്റിന് അടിമപ്പെട്ടവർ ആയി കണക്കാക്കിയിരുന്ന ഒരു കാ‍ലം ആയിരുന്നു അത്. എന്നാൽ വളരെ പെട്ടെന്നു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഇന്ന് ഇന്റർനെറ്റ് ഇല്ലാതെ ഒരു ദിവസം മുഴുവൻ നിങ്ങൾ എങ്ങനെ കഴിച്ചു കൂട്ടുമെന്ന് ഒന്ന് ആലോ‍ചിച്ചു നോക്കു. അത്രയും വലുതാണ് ഇന്റർനെറ്റിന് നമുക്കിടയിൽ ഉള്ള സ്വാധീനം. രാവിലെ പല്ലു തേക്കുന്നതും, ചായ കുടിക്കുന്നതും എല്ലാം ട്വിറ്റെറിലും, ഫേയ്സ്ബുക്കിലും അപ് ലോഡ് ചെയ്യുന്ന നമുക്ക് ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ ജീവിതം തള്ളിനീക്കാൻ സാധിക്കും? ഈ ഇന്റർനെറ്റിന്റെ ഉപയോഗം നിങ്ങളുടെ സ്വീകരണമുറിയിലേക്കും എത്തിക്കുകയാണ് ഗൂഗിൾ ടിവിയുടെ പ്രഖ്യാപിത ലക്ഷ്യം.

ലോജിടെക് റെവ്യൂ എന്നത് ഗൂഗിൾ ടിവി അടിസ്ഥാനമാക്കിയ ഒരു സെറ്റ്ടോപ് ബോക്സാണ്. ടെലിവിഷൻ, ഇന്റർനെറ്റ്, കേബിൾ ടിവി, സാറ്റലൈറ്റ് ടിവി, ഓൺലൈൻ ടിവി ചാനലുകൾ, യുട്യൂബ് എന്നിവയെ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലോജിടെക് റെവ്യൂ ചെയ്യുന്നത്. വളരെ ലഘുവായി നിങ്ങൾക്ക് ഇപ്പോൾ ഉള്ളതിൽ നിന്നും ഗൂഗിൾ ടിവിയിലേക്ക് മാറാവുന്നതാണ്. ആദ്യം നിങ്ങളുടെ കേബിൾ ടിവി, സാറ്റലൈറ്റ് റിസീവർ എന്നിവ ലോജിടെക് റെവ്യൂയിലേക്ക് കണക്ട് ചെയ്യുക. ലോജിടെക് റെവ്യൂന്റെ ഔട്ട്പുട്ട് നിങ്ങളുടെ ടിവിയിലേക്ക് ബന്ധിപ്പിക്കുക, അതു HDMI പിന്തുണക്കുന്ന HD ടിവി ആയാലും സാധാരണ ടിവി ആയാലും കുഴപ്പമില്ല. അടുത്തത് ഇന്റർനെറ്റ് കണക്ട് ചെയ്യുക എന്നതാണ്. നിങ്ങളുടെ വീട്ടിലെ വൈഫൈ നെറ്റ്വർക്കുമായി ലോജിടെക് റെവ്യൂ കണക്ട് ചെയ്യാവുന്നതാണ്. ലോജിടെക് റെവ്യൂ ഉപയോഗിക്കുന്നതിനു ഇന്റർനെറ്റ് നിർബന്ധമില്ലെങ്കിലും ഗൂഗിൾ ടിവിയും, മറ്റ് ഇന്റർനെറ്റ് ഉപയോഗങ്ങളും ലഭിക്കാൻ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്. പ്രത്യേകിച്ചും ഗൂഗിൾ ടീവിയുടെ പ്രാഥമിക ലക്ഷ്യം തന്നെ അതാകുമ്പോൾ.  എത്രയും ആയാൽ നമ്മുടെ ഇൻസ്റ്റാളേഷൻ പൂർത്തിയായി. ഇനി ഉപയോഗത്തിലേക്ക് കടക്കാം.

ആൻഡ്രോയിഡ് 3.1 ഹണികോമ്പ് ആണ് ലോജിടെക് റെവ്യൂന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഇതിൽ ടിവി കാണൂന്നതിനും, വെബ് ബ്രൌസ് ചെയ്യുന്നതിനും, വീഡിയോ കാൾ ചെയ്യുന്നതിനും ആ‍ൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും സാധിക്കും. ഇത് ഒരു ടിവി ആയി ഉപയോഗിക്കുമ്പോൾ കേബിൾ ടിവി, സാറ്റലൈറ്റ് ടിവി, ഇന്റർനെറ്റ് ടിവി ചാനലുകൾ, യു ട്യൂബ് ചാനലുകൾ, ആമസോൺ വീഡിയോ എന്നിവയിൽ നിന്ന് നിങ്ങൾക്ക് വേണ്ടത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാണും, കാണാനും അവസരമുണ്ട്. ചില ഇന്റർനെറ്റ് ചാനലുകൾ കാണുന്നതിനും, സിനിമകൾ കാണുന്നതിനും അതിൽ പണമടച്ച് വരിക്കാരാകേണ്ട ആവശ്യമുണ്ടാകും.

ഗൂഗിൾ ക്രോം ബ്രൌസർ ലോജിടെക് റെവ്യൂവിൽ ഉൽ‌പ്പെടുത്തിയിട്ടുണ്ട്. ഇതു ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ എങ്ങനെ ആ‍ണോ ഇന്റർനെറ്റ് ബ്രൌസ് ചെയ്യുന്നത്, അതുപോലെ തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാവുന്നതാണ്. ഒരു സമ്പൂർണ കീബോർഡും, ട്രാക്ക് പാഡും അടങ്ങുന്നതാണ് ലോജിടെക് റെവ്യൂന്റെ റിമോട്ട് കൺട്രോൾ യൂണിറ്റ്. ഇതിന്റെ ഉപയോഗം നിങ്ങൾക്ക് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഐഫോണിലും, ആൻഡ്രോയിഡിലും ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്ലിക്കേഷൻ വഴി ഇത് ലഘുവായി നിയന്ത്രിക്കാവുന്നതാണ്. ട്വിറ്റർ, ഫേസ്ബുക്ക് എന്നിവ എളുപ്പത്തിൽ എടുക്കുവാനും മറ്റ് പരിപാടികൾ കാണുന്നതിനു തടസ്സം വരാതെ അവ പരിശോധിക്കാനും ഒരേ സമയം രണ്ട് വിൻഡോകൾ ഉപയോഗിക്കനും ഇതിൽ സൌകര്യമുണ്ട്.

ഒരു ക്യാമറ ഇതുമായി ബന്ധിപ്പികുകയാണെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീഡിയോ കോൺഫറൻസിൽ ഏർപ്പെടാവുന്നതാണ്. ഇതിനു ലോജിടെക് സൌജന്യമായി നൽകുന്ന ഒരു അക്കൌണ്ടിൽ ചേരേണ്ടതായി വരും. ആപ്പിളിന്റെ ഐട്യൂൺസ് പോലെ ഉള്ള അക്കൌണ്ടുകളുമായി ബന്ധിപ്പിച്ച് ഇത് ഒരു മീഡിയ പ്ലേയർ ആയി ഉപയോഗിക്കാവുന്നതാണ്. ഇതിന് ഇന്റേണൽ സ്റ്റോറേജ് സൌകര്യം ഇല്ല എന്നതു ഒരു വലിയ പോരായ്മയാണ്. എന്നാ‍ൽ നിങ്ങളുടെ പെൻഡ്രൈവിലോ, സെർവറിലോ ഉള്ള ഗാനങ്ങളോ, ചിത്രങ്ങളോ, വീഡിയോയോ കാണാൻ ഇതു വഴി സാധിക്കും.

ആപ്പിൾ ടിവി പോലെ ഉള്ള എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കുറവാണ് ലോജിടെക് റെവ്യൂ നെ കൂടുതൽ ആകർഷകമാക്കുന്ന ഘടകം. 13,000 രൂപക്ക് ലഭിക്കുന്ന ലോജിടെക് റെവ്യൂ നിങ്ങൾക്കു പണത്തിനു ഒത്ത മൂല്യവും, അതിനെക്കാൾ ഉപരി നിങ്ങളുടെ സ്വീകരണ മുറിക്കു കുലീനത്വവും നൽകുന്നു.

860e8c03e2ee26c333ec91071d48120e

Comments

© Copyright 2013 Electropedia. All rights Reserved

Scroll to top